Connect with us

വത്തിക്കാൻ സിറ്റി: യഥാർത്ഥ ക്രിസ്തുവിശ്വാസിയുടെ മുഖമുദ്ര സന്തോഷമാണെന്നും ക്ലേശകരമായ സമയങ്ങളിൽപോലും ആന്തരിക സന്തോഷം അവർക്ക് അനുഭവിക്കാനാകുമെന്നും ഫ്രാൻസിസ് പാപ്പ. ക്രിസ്തുവിന്റെ സ്‌നേഹത്തിൽ നിലനിൽക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കഴിഞ്ഞ മധ്യാഹ്‌ന പ്രാർത്ഥയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നാം അവിശ്വസ്തരായിരുന്നിട്ടും ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന അറിവ് ജീവിത പരീക്ഷണങ്ങളെ വിശ്വാസത്തോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുമെന്നും മാർപാപ്പ പങ്ക് വെച്ചു.

 

 

 

യേശുവിന്റെ സന്തോഷം നമുക്ക് ലഭിക്കണമെങ്കിൽ പിതാവിൽ നിന്നുള്ള സ്‌നേഹത്തിൽ നിലനിൽക്കണമെന്നാണ് അവിടുന്ന് ക്രിസ്ത്യാനികളയാ നമ്മളോട് ആവശ്യപ്പെടുന്നത്. പിതാവിന് യേശുവിനോടുള്ള അതേ സ്‌നേഹമാണ് യേശു നമുക്കു പ്രദാനം ചെയ്യുന്നത്^ നിർമലവും നിരുപാധികവും സൗജന്യവുമായ സ്‌നേഹം. അത് വിലയ്ക്കു വാങ്ങാനാകില്ല, സൗജന്യമാണ്. ആ സ്‌നേഹം നമുക്കേകിക്കൊണ്ട് പിതാവിനെ യേശു വെളിപ്പെടുത്തിത്തരുന്നു. ഈ സ്‌നേഹത്തിൽ എങ്ങനെ നാം നിലനിൽക്കും? ‘ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ,’ എന്ന ഏകകൽപ്പനയിലൂടെ യേശു അതിന് ഉത്തരം നൽകുന്നു.

 

 

 

യേശു സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കുക എന്നതിന്റെ അർത്ഥം, അവിടുന്ന് ശിഷ്യരുടെ പാദങ്ങൾ കഴുകിയപോലെ ശുശ്രൂഷ ചെയ്യുക എന്നതാണ്. വാക്കുകൾ കൊണ്ടല്ല പ്രവൃത്തികൾകൊണ്ട് സ്‌നേഹിക്കുന്നവരാകണം നാം. ലോകം വെച്ചുനീട്ടുന്ന ‘ഇതര സ്‌നേഹങ്ങ’ളോട് വേണ്ട എന്നു പറയുകയാണ് ക്രിസ്തുവിനെപ്പോലെ സ്‌നേഹിക്കുക എന്നതിനർത്ഥം. സമ്പത്തിനെ സ്‌നേഹിക്കുന്നവന് യേശു സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാനാകില്ല. അതുപോലെയാണ് നേട്ടം, പൊങ്ങച്ചം, അധികാരം തുടങ്ങിയവയോടുള്ള സ്‌നേഹവും. ഇവ കർത്താവിന്റെ സ്‌നേഹത്തിൽനിന്ന് നമ്മെ അകറ്റുകയും നമ്മെ കൂടുതൽ സ്വാർത്ഥരും ആത്മാരാധകരും ആധിപത്യസ്വഭാവികളുമാക്കും.

 

 

ആധിപത്യഭാവം സ്‌നേഹത്തെ അധഃപതിപ്പിക്കുകയും മറ്റുള്ളവരെ ദുരുപയോഗിക്കുന്നതിലേക്കും സ്‌നേഹിക്കുന്ന വ്യക്തിയെ വേദിപ്പിക്കുന്നതിലേക്കും നയിക്കും. കർത്താവ് നമ്മെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കുകയെന്നാൽ നമ്മുടെ ചാരത്തുള്ള വ്യക്തിയെ വിലമതിക്കുന്നതാണ്, അയാളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതാണ്, ആ വ്യക്തിയെ നാം ഇഷ്ടപ്പെടുന്ന രീതിയിലല്ല, മറിച്ച്, അയാളായിരിക്കുന്ന രീതിയിൽ സ്‌നേഹിക്കുന്നതാണ്. മറ്റുള്ളവരെ പരിശോധിക്കാനും കൈകാര്യം ചെയ്യാനുമുള്ള ഭാവത്തിൽനിന്ന് പുറത്തുകടക്കാനും സ്‌നേഹം നമ്മോട് ആവശ്യപ്പെടുന്നു. നിരീക്ഷിക്കുകയല്ല, അവരെ സേവിക്കുകയാണ് വേണ്ടത്. മറ്റുള്ളവർക്കായി ഹൃദയം തുറക്കുക, അതാണ് യഥാർത്ഥ ക്രിസ്തുസ്‌നേഹമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *